malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2019, മേയ് 27, തിങ്കളാഴ്‌ച

സങ്കട മഴ



മഴവെള്ളംപോലെ
മിഴിനീർവീണ കാലമുണ്ടായിരുന്നു
കാലംതെറ്റിയ മഴയിൽ
ചോർന്നൊലിച്ചൊരു വീടുണ്ടായിരുന്നു.
അച്ഛനുമമ്മയും മൂന്നുമക്കളും
മൂലയിലിരുന്ന് നേരംവെളുപ്പിച്ചിരുന്നു
തീപ്പിടിച്ചമനസ്സിനെ തേകിയകറ്റി
ചോർന്നുവീണ വെള്ളംപോലെ.
ആയുസ്സിന്റെ പുസ്തകം
തറ,പറ, യെഴുതി പൊട്ടിയസ്ലേറ്റിൽ
കെട്ടിമേയാത്ത പുരയിൽ
കാലവർഷ രാത്രിയിൽ
പൊട്ടിയപ്ലേറ്റിൽവീഴും വെള്ളത്തിൻ
കൊട്ടവാദ്യം കേട്ട്
കോട്ടുവായിട്ട് കീറിയതുണിയെ-
പുതപ്പായ് ചുറ്റി
ഉറക്കത്താൽ കനംതൂങ്ങും തലയെ-
മുട്ടുകാലിൽ താങ്ങുമ്പോൾ
ഓർത്തതൊക്കെയും വെയിൽദിനത്തെ-
ക്കുറിച്ചായിരുന്നു.
അച്ഛനിന്നില്ല, അമ്മ കിടപ്പിലായി
മക്കൾ മൂന്നും മൂന്ന് വഴിയായി.
മഴപെയ്തനാളിൽ മാറോട്ചേർത്ത
അമ്മയെ യോർത്ത്
പാതിരാവിൽ പകർന്നുതന്ന അച്ഛന്റെ -
ചൂടിനെയോർത്ത്
ഓർക്കാപ്പുറത്ത് ഓടിയെത്തുന്ന
വിശപ്പിനെക്കുറിച്ച്
കഷ്ടപ്പാടിനെക്കുറിച്ച്
വിറച്ചുതുള്ളും പനിയെക്കുറിച്ച്
അമ്മയുടെ വിറയാർന്നകൈ -
കൈകളിലമരുമ്പോൾ
കഴിഞ്ഞകാലം ഓർമ്മച്ചെരാത് -
തെളിക്കുമ്പോൾ
മഴയില്ലാതെ ഈചുട്ടുപൊള്ളുന്ന -
കാലത്തും
പെയ്തുകൊണ്ടേയിരിക്കുന്നു മഴ
എന്നിൽ തോരാത്ത സങ്കട തീമഴ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ