malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2019, ജൂലൈ 20, ശനിയാഴ്‌ച

വീട്



എല്ലാ വാതിലുകളും
തുറന്നിടണം.
അല്ലെങ്കിൽ
വാതിലുകളേ വേണ്ട!
എന്തിനാണ് വീടുകൾക്ക്
വാതിലുകൾ ?
'മാനുഷ്യരെല്ലാരും'
ഒന്നായാൽ
വാക്കില്ല, വക്കാണമില്ല,
വാതിലുമില്ല.
മുൻവശത്തു തന്നെ
ഉണ്ടാകണം
ആ ചാരുകസേല
മുറുക്കാൻ ചെല്ലം,
ഊന്നുവടി
നീട്ടിത്തുപ്പിയ ചുവന്നകറ.
മുൻവശത്തെ മൂലയിൽ
തൂക്കിയിടണം ഭസ്മക്കൊട്ട
പടിഞ്ഞാറ്റയിൽ പലക.
പതിഞ്ഞ ശബ്ദത്തിൽ -
ആ സന്ധ്യാനാമജപം.
അമ്പൂഞ്ഞിക്ക് ഒരു കഷ്ണം
പൊകേല ഞെട്ട്
ആമിനതാത്തക്ക് ഒരു കൂട്-
കാസറട്ട്
പണിയും കഴിഞ്ഞു വരുന്ന
ഏലിക്കുട്ടിക്ക് ഒരു
ചിരട്ടയിൽ തീ
അയൽവീട്ടിലെ വിരുന്നു
വന്നവർക്ക്
കഞ്ഞിക്കു കൂട്ടാൻ
വെള്ളരിക്ക ഓലൻ
ചുട്ട ഉണക്കുമത്തി
ചായപ്പൊടി, പഞ്ചസാര,
ഉപ്പ്, മുളക്
ഞാനും, നീയുമില്ല നമ്മൾ -
മാത്രം.
എല്ലാ വാതിലുകളും അടച്ച്
പൂട്ടണം
മുൻവാതിലിന് ഉറപ്പേറെ -
വേണം
ഇല്ലെങ്കിൽ വീട് ഇറങ്ങി -
പോയാലോ.
ആളനക്കമില്ലാത്ത
അകത്തളങ്ങൾ
ഓരോ ഭൂഖണ്ഡമാണ്
വിരുന്ന് വരാറുണ്ട് പോലും
ഇടയ്ക്ക്
അടുത്ത മുറിയിലേക്ക്
ഒരു ഫോൺ കോൾ
മൗനം കൊണ്ട് മടുത്തു
പോലും
വീടുകൾക്ക്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ