malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2022, സെപ്റ്റംബർ 22, വ്യാഴാഴ്‌ച

മഴ

സങ്കടം നിറഞ്ഞ കണ്ണുകളുള്ള

കുട്ടിയാണ് മഴ


മഴക്കുഞ്ഞെത്തുംമുമ്പേ

കരിയിലക്കറുപ്പുകൾ

കിഴങ്ങുകൾ

പഴങ്ങൾ

അരിമണികൾ

തിന്നു തീർത്തു ഉറുമ്പുകൾ


ഉറുമ്പുകൾ വരച്ചവ

മഴമായ്ച്ചു കളഞ്ഞു

പാറകളെ

പായലുകളെ

വഴുക്കാക്കി വാ പൊത്തി -

കാത്തിരുന്നു


ഓടി പോകുന്നവർക്ക്

പിന്നാലെ ഓടി

മുന്നിൽ കയറി നിന്നു

പുഴയിലേക്ക് ചാടിയിറങ്ങി

കുളു കുളു ശബ്ദം കലർത്തി

ഇമ്പമുള്ള പാട്ടാക്കി


ഇടറുന്ന കാലുകളും

വിറയ്ക്കുന്ന ശരീരവുമായ്

പാറപ്പുറത്ത് പൊത്തിപ്പിടിച്ച് -

കയറുന്ന ഉറുമ്പിനെ 

താഴേക്ക് തള്ളി കൈകൊട്ടിചിരിച്ചു


കൈയിൽ കിട്ടിയ

മരച്ചില്ല ഒടിച്ചെടുത്ത്

തുള്ളിച്ചാടി ചോടുവെച്ചു

കളി തുടങ്ങി


എങ്കിലും;

മനസ്സറിഞ്ഞ് അവൾക്കൊന്ന് -

ചിരിതൂകാനാവില്ല

ഒരു സങ്കടധാര ജന്മം മുതലേ -

അവളിൽ ഉടലെടുത്തിരിക്കുന്നു


നോക്കു ,

അവളുടെ ചലനങ്ങളോരോന്നും

സങ്കടത്തെയല്ലാതെ

മറ്റെന്താണ് അടയാളപ്പെടുത്തുന്നത്







അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ