malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2025, ജനുവരി 30, വ്യാഴാഴ്‌ച

കസേര


അച്ഛനിരുന്ന കസേര ഉമ്മറത്തി -
പ്പോഴുമുണ്ട്
അച്ഛൻ്റെ കാൽമുഖം തുവർത്തി -
ക്കുന്നതു പോലെ
ഇപ്പോഴു,മമ്മ തുവർത്തിക്കാ-
റുണ്ട്
പൊടിയുടെ ഒരു പൊടിയു,മില്ലാതെ -
എണ്ണമയമിപ്പോഴുമുണ്ട്

നെറ്റിയിൽ കൈവച്ച് വഴിയിലേക്ക്
കണ്ണുംനട്ട്
കുനിഞ്ഞിരിപ്പുണ്ട് കസേര
മുട്ടിമുട്ടിയൊരു ചുമ ഇടയ്ക്കിടേ
തൊണ്ടയിൽ തട്ടി എത്തി നോക്കുന്ന
തായി ഒരു തോന്നൽ

ആരോടുമല്ലാതെ ആരോടും
സംസാരിക്കാറുണ്ടച്ഛനിടയ്ക്കിടേ
ചോദ്യവുമുത്തരവും സ്വയം ഉരുവിടാ
റുണ്ട്
ഏമ്പക്കത്തിൻ്റെ അകമ്പടിയായി
നെഞ്ചെരിയുമ്പോൾ
അമ്മയുടെ കട്ടൻ ചായ ഊതിക്കുടി -
ക്കാറുണ്ട്

തേഞ്ഞു തുടങ്ങിയ ചെരിപ്പ്
മങ്ങിയ കട്ടിക്കണ്ണട
തുപ്പൽ കോളാമ്പി
വെളുപ്പിന് ഞാൻ ഉറക്കെഴുന്നേറ്റു
വരുന്നതിനു മുന്നേ വൃത്തിയാക്കി
അമ്മ തെക്കേപ്പറമ്പിലെ കല്ലറയിലേക്ക്
മടങ്ങിയിരിക്കും

2025, ജനുവരി 28, ചൊവ്വാഴ്ച

നഷ്ടം


തൊട്ടാവാടിത്തൊടികളും
പറങ്കിമാവിൻ കാടുകളുമുള്ള
തെക്കേക്കരി
അവിടെ ഞങ്ങൾ അട്ടാച്ചൊട്ട
കളിക്കുന്നു
കണ്ണാരം പൊത്തിയും,
കള്ളനും പോലീസും.

കാൽകളിലില്ല ചെരിപ്പുകൾ
മറച്ചിട്ടില്ല ദേഹം
പട്ടപൊട്ടിയ ട്രൗസർ മാത്രം

പച്ചക്കാടുകൾക്കുള്ളിലേക്ക് -
നടന്ന് നടന്ന്
പെരുവഴി രൂപപ്പെടുന്നു
നീലാകാശക്കീഴെ പറങ്കിമാവിൻ
കൊമ്പിൽ
കാലത്തിൻ്റെ കളിത്തൊട്ടിലിലി -
രുന്ന്
കഥകൾ പറയുന്നു

അങ്ങനെ;
ഒരു വേനൽക്കാല അവധിയി-
ലാണവർ
എന്നെ കൊമ്പിൻ്റെ തുഞ്ചത്തി -
ലിരുത്തി
നടന്നു മറഞ്ഞത്

ഇന്ന്,
അന്നുനഷ്ടപ്പെട്ടു പോയ
എന്നെത്തിരഞ്ഞ് ഞാൻ പോ-
കുന്നു
പച്ചക്കാടു തിരഞ്ഞ്, മരം തിരഞ്ഞ്
മറവിയുടെ മറക്കാത്ത ഓരം ചേർന്ന്

2025, ജനുവരി 27, തിങ്കളാഴ്‌ച

ജനുവരി


പുത്തനായെത്തുന്നൊരാ -
ശംസാകാർഡ്
കവിതപോൽ കവിയുന്ന
കടുംനിറക്കൂട്ട്
ഓർമ്മയേ,യുണർത്തുന്ന
ഒരു കുഞ്ഞുനോവ്  !

പ്രതീക്ഷതൻ മഞ്ഞുപാവാട
ചുറ്റി
വാതിലിൽ മുട്ടുന്ന പുത്തനാം -
പെണ്ണ്
വർണ്ണങ്ങൾതൻ വാരിജപ്പൂവായ്
പ്രപഞ്ചം
മാടി വിളിക്കുന്നു ഭാവിയിലേക്ക്

മറക്കുവാൻ കഴിയുന്നതേ മഹാ
ഭാഗ്യം
എങ്കിലും ;
ബാക്കിയുണ്ടാവണമെന്നെന്നും
ഉള്ളിൻ്റെ,യുള്ളിലായോർമ്മക്കണ
ങ്ങൾ

മറക്കാനെളുതാത്തൊരോർമ്മ
യാം ജനുവരി
ഓർമ്മയിൽ തെളിയും ചില
ചിരിക്കും മുഖങ്ങൾ
ചില ജീവിത നിയോഗങ്ങൾ
തന്നെയും
ഇത്തിരി ഓർമ്മയെ ബാക്കി
യാക്കുകയെന്നാകാം
.................
കുറിപ്പ്: നന്ദിത, രാജലക്ഷ്മി ഓർമ്മ

2025, ജനുവരി 26, ഞായറാഴ്‌ച

വിലയം



വിരൽത്തുമ്പു പിടിച്ച്
വിരുന്നെത്തുന്ന വാക്കുകൾ
കൈവിട്ടു പോകുന്നത് നിങ്ങൾ
കണ്ടിട്ടുണ്ടോ?!

ഉള്ളിൻ്റെയുള്ളിൽ ഇടിവാൾ വെട്ടു
ന്നതും
തോരാമഴ പെയ്യന്നതും കണ്ടിട്ടുണ്ടോ?
കണ്ണിലൊരു കടലാഴവും
ഉള്ളിലൊരുടുക്കുകൊട്ടുമായി നിൽ
ക്കുന്നവരെ ?

തിരിച്ചറിയപ്പെടാതെ പോകുന്ന
ചിലരുണ്ട്
ഇടമില്ലാത്തയിടങ്ങളിൽ
പുനർജനിക്കാൻ കഴിയാതെ പോകു
ന്നവർ

തണൽമരംതേടി പൊള്ളിപ്പിടയു
ന്നവർ
വാക്കറ്റ് വറുതിയിൽ പിടയുന്നവർ
വസന്തത്തിൽ നിന്ന് വറച്ചട്ടിയിൽ
അകപ്പെട്ടു പോയവർ

വാക്കുകൾ വിലങ്ങി
വിലയം പ്രാപിച്ചവരെ നിങ്ങൾ
കണ്ടിട്ടുണ്ടോ?

2025, ജനുവരി 24, വെള്ളിയാഴ്‌ച

കവിതക്കണി



കവിത കണിവെയ്ക്കുന്നു -
ഞാൻ
കണ്ണടച്ച് പ്രാർത്ഥിച്ച്
കൺതുറന്ന് കാണുക

വിഷുവല്ല
വിശേഷവുമില്ല
കവിതയുടെ കണിക്കൊന്ന
പൂവിട്ടതു കാണുക

കാണിക്കയൊന്നും വേണ്ട
കരുതലും.
കേൾക്കൂ:
"പൂക്കാതിരിക്കാൻ എനിക്കാ -
വതില്ലേ "

കുന്നായ്മകളരുതെന്നുര ചെയ്യുക
കുടിലത അരുതരുതെന്നോതീടുക
ക്ഷണനേരം കൊണ്ടടരും പത്രം
യെന്നതു പോലെ ജീവന മറിയുക

താളം പോര കവിതയ്ക്കെന്ന്
തള്ളിപ്പറയുമ്പോഴോർത്തീടുക
ജീവത താളം കണിവെയ്ക്കുന്നു -
ഞാൻ
ജീവിത മില്ലേൽ കവിതയുമില്ല

2025, ജനുവരി 23, വ്യാഴാഴ്‌ച

ഇനിയെങ്കിലും



മൗനത്തിൻ്റെ വാല്മീകത്തിൽ
നിന്ന്
എന്നെ ഉണർത്തുക
എന്നിൽ പൂക്കാതെപോയ
വസന്തമാണു നീ

ഷഹാന, എൻ്റെ പ്രിയപ്പെട്ടവളേ....
ശിശിരത്താൽ പൊള്ളിപ്പിടഞ്ഞും
ഗ്രീഷ്മത്തിൻ്റെ കരിമല കടന്നും
നരക നൂൽപ്പാലം ഇനിയുമെത്ര കടക്കണം ഞാൻ

പ്രിയേ,
ചെറിപ്പൂവുപോലുളള ആ ചുണ്ടിണ
കൾ
ചേർന്നുനിന്നുള്ള പുഞ്ചിരിയെനിക്കു
കാണണം
വന്യമായ എൻ്റെ സ്നേഹം മുഴുവൻ
നിന്നിലേക്കൊഴുക്കണം
എന്നിൽ പെയ്തു കൊണ്ടേയിരിക്കുന്ന
തോരാമഴയാണു നീ

ഒരു ജന്മം മുഴുവൻ കാത്തുകാത്തു -
വെച്ച്
എന്നിലാകെ പടർന്നു നിൽക്കുന്ന
ഒരു മഹാവൃക്ഷമായി നീ
ഷഹാനാ ....,
പുതുമയുള്ള എൻ്റെ വനപുഷ്പമേ
ഇനിയെങ്കിലുമെന്നിലേക്ക്
തിരിച്ചുവരിക

2025, ജനുവരി 22, ബുധനാഴ്‌ച

പ്രണയിനിക്ക്

 പ്രണയിനിക്ക്



മിണ്ടുവാനുള്ളിലുണ്ടൊരു -
വെമ്പൽ
എന്നാൽ,
മണ്ടിടുന്നു നീ വേഗം
മിണ്ടിയിട്ടില്ലിന്നേവരെ
കണ്ടു കൊണ്ടിരിപ്പതെത്ര
നാളായ്?!

സ്നിഗ്ദ്ധ ഖഗങ്ങൾ മൂളി -
പ്പറക്കുമീ വേളയിൽ
മഞ്ഞല മണിമാല ചാർത്തുമീ
പ്രഭാതത്തിൽ
എന്നോടൊന്നുമിണ്ടാതെ
തിരക്കിട്ടു പോകുവതെങ്ങു നീ?

കഴിഞ്ഞ രാവിൻ്റെ ഓർമ്മയ്ക്ക്
കൊഴിഞ്ഞ പൂവുകൾ കണ്ടുവോ?
പരിഭ്രമ നെടുവീർപ്പിൻ ചൂടു തട്ടി
കരിഞ്ഞു പോകുമോ പ്രണയവും

ഒറ്റ രാവിൽ മുളച്ചുപൊന്തിയ
വിത്തല്ലയീ പ്രണയം
കാലമെത്രയോ കാത്തുവച്ച്
കിളിർത്തു നേടിയ കരുത്ത്

അകലെയെത്തുന്ന നേരം
ഒളിഞ്ഞു നോക്കുന്ന നേത്രമേ
ഒഴിഞ്ഞു പോകട്ടെ ഗ്രീഷ്മം
നമ്മിൽ തളിർത്തു നിൽക്കട്ടെ -
വസന്തം





2025, ജനുവരി 21, ചൊവ്വാഴ്ച

ഉപ്പിലിട്ടത്




ഇന്നലെ രാത്രിയാണ്
അവളതു തന്നത്
ഉപ്പിലിട്ട മാങ്ങയും
ചുട്ട മുളകും

ഓർക്കുമ്പോൾ തന്നെ
വായിലൊരു വെള്ള-
പ്പൊക്കം
കപ്പലോടിക്കാൻ പാക-
ത്തിൽ

ഉപ്പിലിട്ടുവെച്ച എൻ്റെ -
ഓർമ്മകളെയായിരുന്നു
അവൾ വിളമ്പിയത്

കഞ്ഞിവെള്ളത്തിൽ
ഉപ്പിലിട്ട മാങ്ങയിട്ട്
കാന്താരിമുളക് ഞെരടി
വലിച്ചു കുടിച്ചു പശി മാറ്റിയ
കുഞ്ഞുനാള്

അന്തിക്ക് പണി കഴിഞ്ഞ്
അന്തികത്തെത്തി
കോന്തലക്കെട്ടഴിച്ച്
അമ്മതന്ന കപ്പപുഴുക്ക്

അച്ഛൻ്റെ മടിയിലിരുന്ന്
വിയർപ്പാലൊട്ടിയ
ബീഡിമണമുള്ള കീശയിൽ-
നിന്നെടുത്ത
നാരങ്ങ മിഠായിപ്പൊതി

കവർപ്പും
പുളിപ്പും
ഇനപ്പും ചേർന്നതെങ്കിലും
അന്നത്തെ ജീവിതം
അച്ഛനമ്മ നൽകിയ സുര-
ക്ഷിതത്വം

ഇന്നലെ കൂട്ടിയ
ഉപ്പിലിട്ട മാങ്ങയിൽ
എൻ്റെ കഴിഞ്ഞുപോയ
ജീവിതം

2025, ജനുവരി 20, തിങ്കളാഴ്‌ച

എന്നിൽ


ആത്മഹർഷത്തിൻ -
അലയൊലികൾ
അരുണാഭമാക്കും നിൻ-
മുഖ പ്രസാദം
അമൃതവർഷമായ് പെയ്-
തിടുന്നു
അകതാരിലെങ്ങും നിറ-
ഞ്ഞിടുന്നു

മൂവന്തിയിൽപ്പൂത്ത പൂവു -
പോലെ
സിന്ദൂര ചന്ദ്രികച്ചാർത്തു -
പോലെ
ആഭേരിയായ് നീ നിറഞ്ഞി-
ടുന്നു
ഹൃദയസ്പർശമായുണർ-
ന്നിടുന്നു

ഓർമ്മകളായിരം മുളയിട്ടു -
ണർന്നു
മുളകളായിരം മുകുളമായി
മുകുളങ്ങൾ പൂക്കളായ് പരി-
ലസിപ്പൂ
പ്രിയസഖി നീയെന്നുമെന്നി-
ലല്ലോ

2025, ജനുവരി 18, ശനിയാഴ്‌ച

മരംനട്ടാൽ.....



മഴയുടെ താരാട്ടു കേട്ടുറങ്ങാൻ
മരമൊന്നുനട്ടു വളർത്തിടേണം
മധുര മനോജ്ഞമാം ഗേഹമേകാൻ
മരമൊന്നുനട്ടു വളർത്തിടേണം

ശുദ്ധമാംവായു ശ്വസിച്ചിടുവാൻ
മരമൊന്നുനട്ടു വളർത്തിടേണം
ഇത്തിരി തണലേറ്റൊന്നാശ്വസി
ക്കാൻ
മരമൊന്നുനട്ടു വളർത്തിടേണം

മണ്ണിൽ ചവുട്ടി നടന്നീടുവാൻ
മരമൊന്നുനട്ടു വളർത്തിടേണം
ഇത്തിരി ദാഹനീർ ലഭ്യമാകാൻ
മരമൊന്നുനട്ടു വളർത്തിടേണം

2025, ജനുവരി 17, വെള്ളിയാഴ്‌ച

എവിടെ

'

മല
മഴ
പുഴ
താഴ് വാരം
സമതലം
കാട്
ഓർമ്മകൾ ഇന്നും
ഓലപ്പുര കെട്ടിമേയുന്നുണ്ട്

കഴുക്കല് മലയിന്നുമുണ്ട്
കുരുമുളക് കൊടിയില്ല
മഴയിപ്പോഴുമുണ്ട്
മാസം പിടിയില്ല

പുഴയവിടെ തന്നെ.....
പൂഴിപ്പരപ്പാണെന്നു മാത്രം
താഴ് വാരങ്ങൾ
മേൽ വാരങ്ങളെ-
അടർത്തിയെടുത്തു കൊണ്ടി-
രിപ്പുണ്ട്

സമതലങ്ങൾ
തല പോയതെങ്ങ്.
പുനം കൃഷിയില്ല
ചാമയും, എള്ളും കാണാനേയില്ല

പുളേളാർക്കുടത്തിൻ്റെ
ഈണമില്ല
പള്ള നിറക്കാൻ പാങ്ങുമില്ല
ഇല്ല ഒറ്റക്കൊള്ളി കട്ടൻ കപ്പപോലും.
എങ്ങും,
ടാർ റോഡും ,കോൺക്രീറ്റ് കാടും
മാത്രം

കാടുകളെല്ലാം കാടേറിപ്പോയിട്ട്
കാലം കുറേയായി
വനമഹോത്സവങ്ങളിലാണിപ്പോൾ
കമ്പം
പുനരുദ്ധാരണമാണു പോലും പുതുമ
പഴയ പല നിയമങ്ങളും
പുതിയ കുപ്പിയിലാക്കി
കുടിക്കാൻ കൊടുത്തു തുടങ്ങി

എന്നിട്ടും,
ചേമ്പും, ചേനയും
കാച്ചിലും, കാമ്പും, കാവത്തും
താളും, തകരയും
എവിടെ?!

2025, ജനുവരി 16, വ്യാഴാഴ്‌ച

അവളോട്


തെങ്ങിന് തടമിടുമ്പോൾ
തുള്ളിവെള്ളം താണേന്ന്
അയാൾ അവളിലേക്ക്‌ -
നിവരുന്നു.
വിയർപ്പിന്റെ ഉപ്പുകൂട്ടി
കഞ്ഞിവെള്ളം കുടിക്കുന്നു.

കൊഴിഞ്ഞുവീണ വെള്ളക്കയിൽ-
നുള്ളി
അവൾ ബാല്യത്തെ ഉണർത്തുന്നു
പൂക്കുല വീണപോൽ
ചിതറിയ ചിന്തയാൽ
ഒടിഞ്ഞ കൊലഞ്ഞലുപോലയാൾ
കുനിഞ്ഞിരിക്കുന്നു

മഞ്ഞവെയിലിന്റെ വടിയൊടിച്ചവൾ
മേഞ്ഞ മേഘത്തിൻ പിറകെ -
ചെല്ലുമ്പോൾ
വാലുയർത്തി കുതിച്ചു വന്നൊരു
കാറ്റ് വേലിയിൽ കിതച്ചു നിൽക്കുമ്പോൾ
കഞ്ഞിക്കു തീപ്പൂട്ടാൻ കുറച്ചു കൊള്ളി-
പൊട്ടിച്ചു പോരണേന്ന,മ്മ
അടുപ്പിലൂതുന്നു

2025, ജനുവരി 13, തിങ്കളാഴ്‌ച

ഭാവഗായകന്

'

കാവ്യതാളങ്ങളാൽ
ജീവിത കൊടിപ്പടം നീർത്തിയോനെ
മഞ്ഞലയായ് ഹൃദന്തത്തിൽ
കുളിരു പകർന്നു തന്നോനെ

ചന്ദ്രനു സമം മൃദുസ്വരവും
നാട്ടുപച്ചതൻ സ്നേഹവാത്സല്യവും
പ്രണയ കുസൃതിതൻ കലാപ കവിത
യും
അമ്മതൻ താരാട്ടുപാട്ടായി പെയ്-
തോനെ

സ്നേഹവും ശാന്തിയും ചേർത്തൊ-
രു കുറി:
അഖിലാണ്ഡമണ്ഡല ശില്പിയാലണി-
യിച്ചൊരുക്കിക്കൊളുത്തിവെച്ച
ആനന്ദ ദീപമാണു നീ.

ചൊല്ലിടാം പാതിരാ പുള്ളുകളെ
നക്ഷത്രങ്ങളെ ,
''ഒന്നിനി ശ്രുതി താഴ്ത്തി പാടുക
പൂങ്കുയിലെ,
ഒന്നിനി തിരിതാഴ്ത്തു ശാരദനിലാവേ
എന്നോമലുറക്കമായ് ഉണർത്തരുതേ
ഈ കണ്ണിലേക്കിനാവുകൾ കെടുത്ത -
രുതേ "

2025, ജനുവരി 11, ശനിയാഴ്‌ച

ഇഷ്ടത്തിരയിൽ


അനാദികാലം എനിക്ക് നിന്നിലേ
ക്കൊഴുകണം
കടലിൽ മത്സ്യമെന്നതുപോലെ
നൃത്തം വെയ്ക്കണം
ഒരിക്കലെനിക്ക് സുനാമിത്തിര
യായ് വന്ന്
നിന്നെയും കൊണ്ടുപോകണം.

ഉമ്മയുടെ ഉൾത്തിരകളിൽ
നമുക്ക് മുങ്ങണം
ജലപ്പരപ്പിൽ ഉമ്മകളുടെ
നീർക്കുമിളകൾ പൊട്ടി
ആകാശത്തിൽ മഴവില്ലുകൾ
തീർക്കണം

പുസ്തകങ്ങളിൽ പ്രണയകവിത
കളാകണം
ചെടികളിൽ പൂക്കളാകണം
സംഗീതത്തിൽ സ്വരാക്ഷരങ്ങൾ
ചുമർച്ചിത്രങ്ങളിലെ ചിലങ്കകൾ ശിൽപ്പങ്ങളിലെ പിണഞ്ഞ സർപ്പ
ങ്ങൾ

ശൂന്യതയിലെ കാറ്റനക്കം
ചില്ലകളിലെ ഇലയനക്കം
എന്തൊരു കാല്പനികതയെന്ന്
നീ പുച്ഛിച്ചോ
അത്രയും നിന്നിലെയിഷ്ടത്തിൽ
എനിക്ക് നനഞ്ഞു കുളിക്കണം

2025, ജനുവരി 9, വ്യാഴാഴ്‌ച

ഉദയം

 


വെള്ളിനക്ഷത്രം ഉദിച്ചുയർന്നു
ഇരുളിൻ തടവറ തച്ചുടച്ച്
കൃഷകർ ഒന്നിച്ചടരാടിവീണ
പടനിലത്തിലെനിണച്ചാലിൽ
നിന്ന്

മഹാരഥൻമാരവർ തെളിച്ച -
തേരിൽ
മാനവീയം കാക്കാൻ, മഹത്വ-
മേറ്റാൻ
ഫാസിസത്തിൻ്റെ കഴുകകൊക്ക്
കൊത്തിനുറുക്കി കടലിലാഴ് -
ത്താൻ

ജനങ്ങളാണീനാടിന്നവകാശികൾ
നേരവകാശികൾ സന്തതികൾ
നാടിനെയൊറ്റുകൊടുക്കുന്നു നീ
കാകോളമെങ്ങും കലക്കിടുന്നു

മൃഗീയതയുടെ പ്രതിരൂപമേ നീ
നാടുഭരിച്ചു മുടിച്ചിടുന്നു
ജാതി മത ഭൂത മേൽക്കോയ്മകൾ
രക്തപ്പുഴകളൊഴുക്കിടുന്നു

ക്രൂരതെ കഴിയില്ലധികകാലം
ഇനിയും തുടരുവാൻ ഓർത്തു -
കൊൾക
പ്രതീക്ഷതൻപൊൻപൂ വിടർന്നി-
ടുന്നു
ഹൃദയം തുടികൊട്ടി പാടിടുന്നു

കരാളഹസ്തത്തെ അരിഞ്ഞു -
വീഴ്ത്തും
ഉദയം അകലെയല്ലോർത്തു
കൊൾക
ഉണർന്നിരിപ്പാണി രാജ്യമാകെ
ഉണർത്തുപാട്ടൊന്നു കേട്ടുകൊൾക

2025, ജനുവരി 8, ബുധനാഴ്‌ച

ഇര


ആമിഷത്തിൽ ആഴ്ന്നി
റങ്ങുന്നു
ആസക്തിയുടെകഴുക
കൊക്ക്
ദർപ്പം സർപ്പമാകുന്നു
അറിഞ്ഞിരുന്നില്ല
കപോതം
കപോതകൻ്റെ,യിരയെന്ന്

2025, ജനുവരി 7, ചൊവ്വാഴ്ച

പ്രഭാതത്തിൽ



കിഴക്കൻ ചെന്തെങ്ങിൻ
കരിക്കുകാണാറായ്
കുളിരുംകാറ്റൊരു
കവിതമൂളുന്നു

കുളിച്ചു നിൽക്കുന്ന
കറുകനാമ്പിൻ്റെ
തുമ്പിൽ നിറയെ
വെളുത്ത മുത്തുകൾ

ഇലകൾപാടുന്ന പാട്ടിൻ
മർമ്മരം
കേട്ടുകിളികൾ നീട്ടിപ്പാടുന്നു
ഇരുളിൻകമ്പിളി
പുതപ്പുകൊത്തി
പറന്നുപോകുന്നു കാക്ക -
ക്കൂട്ടങ്ങൾ

തട്ടമുട്ടുന്നു ആലയിൽ
പൈക്കൾ
തുടുത്തു നിൽക്കുന്നു
ചെമ്പകപ്പൂക്കൾ
കൊറ്റുതേടി,യിറങ്ങും
പുരുഷാരം
തറ്റുടുത്തു തെളിഞ്ഞുള്ള
വാനം

തളിരിളംചില്ല ഓതുന്നു
സ്വാഗതം
സ്വഗതം പൂക്കൾ ചിരിച്ചു
നിൽക്കുന്നു

2025, ജനുവരി 6, തിങ്കളാഴ്‌ച

വിധി


കൊട്ടും കുരവയുമായ്
കെട്ടിയുയർത്തിയ
കെട്ടുതാലി പൊട്ടിപ്പോയ്
പട്ടുപോയ് ജീവിതം
പെട്ടുപോയ് പൊത്തിൽ

കാത്തുവെച്ച കൈത്തിരി -
നാളങ്ങൾക്കെന്തർത്ഥം
'വിധി' യെന്ന രണ്ടക്ഷര-
ത്തിൽ
കുടുങ്ങിക്കിടക്കുന്നുവിധാ -
താക്കൾ

മൂടിവെയ്ക്കാൻ ശ്രമിക്കുന്നു -
യെല്ലാം
മൂടുപടം പുത്തനൊന്നെടുത്ത -
ണിയുന്നു
ചിരിയുടെ ചില്ലു വാതിൽ തുറ
ക്കവെ
ചിതറിപ്പോകുന്നുണ്ട് ചില്ലുമണി -
കളായ്
കണ്ണിലെ തുള്ളികൾ



2025, ജനുവരി 5, ഞായറാഴ്‌ച

കവിതയിലേക്കുള്ള വഴി




കവിതയുടെ കല്ലുവാതിൽക്കൽ
ഒന്നു പോകണം
കരഞ്ഞു വീർത്ത മുഖങ്ങളെ,
കളഞ്ഞു പോയ കാലങ്ങളെ,
ചിരിച്ചാർത്ത ചരിത്രങ്ങളെ -
കാണണം.

ഉറയൂരിയ വർഷങ്ങൾ
ഉള്ളിലുള്ള ചിഹ്നങ്ങൾ
ചവച്ചരച്ചു വായിച്ചു വിഴുങ്ങിയ -
കവിതകൾ
സ്വപ്നങ്ങളല്ലെന്ന് അറിയണം.

ഇരമ്പിയാർന്ന ജീവിതത്തിൻ്റെ ,-
യിരുമ്പുപാലത്തിൽ
ചാരി നിൽക്കണമൊന്നീ സായാ-
ഹ്നത്തിൽ
കരയിൽ പിടിച്ചിട്ട കവിതയുടെ
പിടച്ചിലൊന്നറിയണം.

കവിതയിലേക്കുള്ള വഴിയാ-
ണെനിക്ക് കഴിഞ്ഞ കാലം.
കടലിൻ്റെ വന്യതയും,
കാടിൻ്റെ തിരയടിയും.

കവിതയുടെ തുറസ്സിലേക്ക്
എനിക്കൊന്നു പോകണം

2025, ജനുവരി 3, വെള്ളിയാഴ്‌ച

എം.ടി.ക്ക്


ജീവിത വാക്കിനാൽ നീ
വരഞ്ഞിട്ടവ,യൊക്കെയും
ജീവിത കഥകളല്ലോ

നാളികേരത്തിൻ്റെ നാട്ടിൻ -
സുഗന്ധങ്ങൾ, നീ
നുകർന്നു പകർന്നതും
മണ്ണിൻ്റെ മാധുര്യമല്ലോ

"നാലുകെട്ടിൻ്റെ " പടി തുറ-
ന്നീടവേ
കണ്ടു പ്രപഞ്ചത്തെയാകെ
ഭീമൻ്റെ ഹൃദയത്തിൽ പ്രണയ
മഞ്ഞണിഞ്ഞുള്ള കണ്ടു
"രണ്ടാമൂഴവും "- നാം

തിരശ്ശീലയിൽ നിറഞ്ഞാടിയാവാ-
ക്കുകൾ
നോവിൻ്റെ കണ്ണുനീർത്തുള്ളികൾ
മിഴിയിലെസ്വപ്നങ്ങൾ വാരി മുളപ്പി -
ച്ചതൊക്കെയും മലയാള മണ്ണിൽ

മലയാള മണ്ണിൻ്റെ നെറുകയിൽ
നേരിൻ്റെ
കഥകൾ ചമച്ചു പടുത്തു നീ
കഥയുടെ സായൂജ്യം എന്നു തീർ-
ന്നീടിലും
നിറദീപ പൊരുളായ്
നിറഞ്ഞിടും നീ

നീ തന്നെ അക്ഷരം
നീ തന്നെ അക്ഷതം
ഈ ക്ഷിതിയിലെന്നുമേ,യാർക്കും

2025, ജനുവരി 1, ബുധനാഴ്‌ച

എം.ടി



കണ്ണാന്തളിപ്പൂവുപോലെ
ശാന്തമായൊഴുകും നിള -
പോലെ
ഒറ്റയടിപ്പാതപോലെ
പ്രിയമാം മാണിക്യക്കല്ലു-
പോലെ

ഓർമ്മകൾ പൂക്കുന്ന കാവു-
പോലെ
ഓളവും തീരവും പോലെ
ശാന്തമാം ചക്രവാളത്താഴ്വര -
യിൽ
വിടരുന്ന മാരിവിൽപ്പീലിപോലെ

മലയാളമണ്ണിൻ ഹൃദയം
മാനവനേകിയ ഇതിഹാസം
കാലത്തിനൊപ്പം നടന്നു
ഭാഷയുടെ പെരുന്തച്ചൻ

മഴതോർന്ന പോലൊരു -
തോന്നൽ
മനംകടയുന്നതു പോലെ
കാലദേശാതിവർത്തിയായ
ദ്വയാക്ഷര പച്ചയാണു നീ