ഇന്നലെ രാത്രിയാണ്
അവളതു തന്നത്
ഉപ്പിലിട്ട മാങ്ങയും
ചുട്ട മുളകും
ഓർക്കുമ്പോൾ തന്നെ
വായിലൊരു വെള്ള-
പ്പൊക്കം
കപ്പലോടിക്കാൻ പാക-
ത്തിൽ
ഉപ്പിലിട്ടുവെച്ച എൻ്റെ -
ഓർമ്മകളെയായിരുന്നു
അവൾ വിളമ്പിയത്
കഞ്ഞിവെള്ളത്തിൽ
ഉപ്പിലിട്ട മാങ്ങയിട്ട്
കാന്താരിമുളക് ഞെരടി
വലിച്ചു കുടിച്ചു പശി മാറ്റിയ
കുഞ്ഞുനാള്
അന്തിക്ക് പണി കഴിഞ്ഞ്
അന്തികത്തെത്തി
കോന്തലക്കെട്ടഴിച്ച്
അമ്മതന്ന കപ്പപുഴുക്ക്
അച്ഛൻ്റെ മടിയിലിരുന്ന്
വിയർപ്പാലൊട്ടിയ
ബീഡിമണമുള്ള കീശയിൽ-
നിന്നെടുത്ത
നാരങ്ങ മിഠായിപ്പൊതി
കവർപ്പും
പുളിപ്പും
ഇനപ്പും ചേർന്നതെങ്കിലും
അന്നത്തെ ജീവിതം
അച്ഛനമ്മ നൽകിയ സുര-
ക്ഷിതത്വം
ഇന്നലെ കൂട്ടിയ
ഉപ്പിലിട്ട മാങ്ങയിൽ
എൻ്റെ കഴിഞ്ഞുപോയ
ജീവിതം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ