പ്രണയിനിക്ക്
മിണ്ടുവാനുള്ളിലുണ്ടൊരു -
വെമ്പൽ
എന്നാൽ,
മണ്ടിടുന്നു നീ വേഗം
മിണ്ടിയിട്ടില്ലിന്നേവരെ
കണ്ടു കൊണ്ടിരിപ്പതെത്ര
നാളായ്?!
സ്നിഗ്ദ്ധ ഖഗങ്ങൾ മൂളി -
പ്പറക്കുമീ വേളയിൽ
മഞ്ഞല മണിമാല ചാർത്തുമീ
പ്രഭാതത്തിൽ
എന്നോടൊന്നുമിണ്ടാതെ
തിരക്കിട്ടു പോകുവതെങ്ങു നീ?
കഴിഞ്ഞ രാവിൻ്റെ ഓർമ്മയ്ക്ക്
കൊഴിഞ്ഞ പൂവുകൾ കണ്ടുവോ?
പരിഭ്രമ നെടുവീർപ്പിൻ ചൂടു തട്ടി
കരിഞ്ഞു പോകുമോ പ്രണയവും
ഒറ്റ രാവിൽ മുളച്ചുപൊന്തിയ
വിത്തല്ലയീ പ്രണയം
കാലമെത്രയോ കാത്തുവച്ച്
കിളിർത്തു നേടിയ കരുത്ത്
അകലെയെത്തുന്ന നേരം
ഒളിഞ്ഞു നോക്കുന്ന നേത്രമേ
ഒഴിഞ്ഞു പോകട്ടെ ഗ്രീഷ്മം
നമ്മിൽ തളിർത്തു നിൽക്കട്ടെ -
വസന്തം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ