malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2025, ജനുവരി 30, വ്യാഴാഴ്‌ച

കസേര


അച്ഛനിരുന്ന കസേര ഉമ്മറത്തി -
പ്പോഴുമുണ്ട്
അച്ഛൻ്റെ കാൽമുഖം തുവർത്തി -
ക്കുന്നതു പോലെ
ഇപ്പോഴു,മമ്മ തുവർത്തിക്കാ-
റുണ്ട്
പൊടിയുടെ ഒരു പൊടിയു,മില്ലാതെ -
എണ്ണമയമിപ്പോഴുമുണ്ട്

നെറ്റിയിൽ കൈവച്ച് വഴിയിലേക്ക്
കണ്ണുംനട്ട്
കുനിഞ്ഞിരിപ്പുണ്ട് കസേര
മുട്ടിമുട്ടിയൊരു ചുമ ഇടയ്ക്കിടേ
തൊണ്ടയിൽ തട്ടി എത്തി നോക്കുന്ന
തായി ഒരു തോന്നൽ

ആരോടുമല്ലാതെ ആരോടും
സംസാരിക്കാറുണ്ടച്ഛനിടയ്ക്കിടേ
ചോദ്യവുമുത്തരവും സ്വയം ഉരുവിടാ
റുണ്ട്
ഏമ്പക്കത്തിൻ്റെ അകമ്പടിയായി
നെഞ്ചെരിയുമ്പോൾ
അമ്മയുടെ കട്ടൻ ചായ ഊതിക്കുടി -
ക്കാറുണ്ട്

തേഞ്ഞു തുടങ്ങിയ ചെരിപ്പ്
മങ്ങിയ കട്ടിക്കണ്ണട
തുപ്പൽ കോളാമ്പി
വെളുപ്പിന് ഞാൻ ഉറക്കെഴുന്നേറ്റു
വരുന്നതിനു മുന്നേ വൃത്തിയാക്കി
അമ്മ തെക്കേപ്പറമ്പിലെ കല്ലറയിലേക്ക്
മടങ്ങിയിരിക്കും

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ