അങ്ങാടിയിലെ തെരുവിൽ
ഒരാൾ വാക്കുകൊണ്ടു ചിത്രം
വരയ്ക്കുന്നു
വിശപ്പുകൊണ്ടൊരു പെൺകുട്ടി
ആസക്തിയുടെ കഴുക കൊക്കുകൾ
ഭേദിച്ച്
തീവളയത്തിലൂടെ ചാടുന്നു
ഉദ്ധരിച്ച ലിംഗത്തെ മറികടന്ന്
പല്ലിൽ കുത്തിനിർത്തിയ
മുളവടിയുടെ അറ്റത്ത്
ആകാശത്തിനും ഭൂമിക്കുമിടയിൽ
ഒറ്റക്കാലിൽ ജീവിതത്തെ
ഉയർത്തി നിർത്തുന്നു
തെല്ലകലെ ചളുങ്ങിയപാത്രം
പോലൊരമ്മ
ചുള്ളിക്കമ്പു പോലുള്ളൊരു
കുഞ്ഞിനെ മാറോടടുക്കി
ആശപോലെ തിളച്ചു തൂവുന്ന
അരിമണികളെ നോക്കിയടുപ്പി -
നരികെയിരിക്കുന്നു
മിന്നിപ്പൊലിയുന്ന ഫ്ലാഷ് ക്യാമറയ്
ക്കുള്ളിലെ
മിനുപ്പാർന്ന ചിത്രമല്ല ജീവിതം
കുട്ടിക്കുരങ്ങൻ ചെണ്ടകൊട്ടി
നടത്തിക്കുന്നു ജീവിതത്തെ
നാണയത്തുട്ടുകളാണ് ജീവിതത്തിന്
വിലയിടുന്നത്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ