malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2020, സെപ്റ്റംബർ 20, ഞായറാഴ്‌ച

കല്ലറയിൽ എഴുതി വെയ്ക്കേണ്ടത്


ജ്വരം പോലെ ജ്വലിച്ചു നിൽക്കുന്നു
അഗ്നി
നൊടിയിടയിൽ വറ്റിത്തീർന്നു
കുടിച്ച ജലം
ഓട്ടു ഗ്ലാസിൽ ഓട്ടവീണിരിക്കുന്നു
ചോർന്നു പോയല്ലോ ജീവിത ജലം

കൊട്ടാരമില്ലാത്ത രാജാവ് ഞാൻ
ശിരസ്സിൽ മുൾക്കിരീടം
ഭയമില്ലാത്ത മനസ്സ് ഹയം പോലെ
ഓടുന്നു
കയങ്ങളിലൂടെ എൻ്റെ കുതിര സവാരി
കരിമൂർഖനാണ് കാവൽ
കരിക്കട്ടയാലെഴുതിയ ജാതകം

വിളവൊഴിഞ്ഞ പാടം
കെട്ടി നിർത്തിയ ജലത്തിൻ്റെ
നിശ്ചലത
എത്ര പെയ്തു മഴ
ഹൃദയത്തിലോ, മിഴിക്കോണിലോ
മഴയുടെ അവശേഷിപ്പുകൾ

എൻ്റെ മരണം നീ കുറിച്ചു വെയ്ക്കുക
നേരം കഴിഞ്ഞിട്ടും ഉണർന്നില്ലേൽ
കുലുക്കി വിളിക്കുക
ഞാൻ അഗസ്ത്യമുനി
നീ താളിയോല
നേരത്തെ അറിയുന്ന മരണം
ഞെട്ടാതിരിക്കാനുള്ള മരുന്ന്

ഭൂതത്തെ ഓർക്കാതിരിക്കുക
ഭാവിമാത്രം വായിക്കുക
തിരയാൻ ഇനിയൊരിടവുമില്ല
മരണം മാത്രം സത്യം

എൻ്റെ കല്ലറയിൽ നീ എഴുതി
വെയ്ക്കണം:
'കണക്ക് കൂട്ടലല്ല തെറ്റലാണ്
ജീവിതം'
........
കടപ്പാട്: ടി.കെ.ശങ്കരനാരായണൻ്റെ 50 ചെറിയ
കഥകൾ എന്ന പുസ്തകത്തിലെ ചില കഥാവരി
കളോട്

.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ