ഒരു കവിത നടക്കുന്നു
കുത്തി നടക്കാൻ
കൈയിലൊരു കമ്പു പോലു-
മില്ലാതെ
കാലിലൊരു
കുറ്റിച്ചെരുപ്പു പോലുമില്ലാതെ.
ക്ലാഞ്ചിപ്പോകുന്നുണ്ടിടയ്ക്കിടെ
ചതഞ്ഞ ചോരയുടെ
ചുടു വേദനയോടെ,
കുണ്ടിടയിലൂടെ,
തെരുവപ്പുല്ലിൻ കൂട്ടത്തിലൂടെ
കൂനിക്കൂനി നടക്കുന്നുണ്ട്.
വിശപ്പു വറ്റിയ വയറുമായി
വാക്കു വറ്റിയ കണ്ഠവുമായി
അഴുക്കിൻ്റെ പശിമയിലൂടെ
ജീവിതമെന്ന ദുർഗന്ധവും പേറി
കശപിശ കൂട്ടുന്ന നായകൾക്കിട-
യിലൂടെ
നട്ടാൽ മുളക്കാത്ത നുണകൾക്കിട
യിലൂടെ
മനുഷ്യനെ മനുഷ്യനറിയാത്ത
നഗര (നരക ) ത്തിലൂടെ
കണ്ണീരു വറ്റിയ കണ്ണുകൾക്കിടയി-
ലൂടെ
ബന്ധങ്ങളറ്റ കബന്ധങ്ങൾക്കിടയി-
ലൂടെ
തലയോട്ടികൾ തളിരിട്ട യുദ്ധമുഖത്തു - കൂടെ
പിഞ്ഞിക്കീറിയ പെണ്ണുടലുകൾക്കിട-
യിലൂടെ
തിരിഞ്ഞു നടക്കുന്നു ഒരു കവിത
ലിപിയില്ലാത്ത അക്ഷരമായി
അധികാരത്തിൻ്റെ
അപ്പക്കഷ്ണം വേണ്ടെന്ന്
തുപ്പിക്കളയുന്നു