malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2018, മേയ് 24, വ്യാഴാഴ്‌ച

ഒറ്റപ്പെട്ടവൻ




കാറ്റ് ചുരം കടന്നെത്തി
കരിമ്പനകൾ മുടിയാട്ടു തുടങ്ങി
സായന്തനത്തിൽ ചെന്തീമല
ഉന്മാദിനിയായ മദാലസയെപ്പോലെ
മാറിടമുയർത്തി മലർന്നു കിടന്നു
അറിയാതെ വേവുന്നൊരു നോവ്
ഉള്ളിൽക്കിടന്ന് പിടയുന്നു
നൊമ്പരമേറ്റുവാങ്ങിയതു പോലെ
ആലിലകളുലയുന്നു
ജീവിതത്തിന്റെ നാളുകൾ ഉണങ്ങിയ
പത്രമായ്
കാൽച്ചുവട്ടിൽ അമർന്നു കിടന്നു
തെക്കുനിന്ന് ഇരുട്ടിന്റെ ഒരു കരിമ്പടവും
കൊത്തി
വടക്കോട്ടേക്കൊരു കാക്ക പറക്കുന്നു
ഒറ്റമൂക്കുത്തി പോലെ തെളിഞ്ഞു നിൽക്കുന്നു
അങ്ങൊരു നക്ഷത്രം
മുടിയാട്ടു കഴിഞ്ഞ് കള്ളു മോന്തി
ചുരമിറങ്ങി ആടിയാടിപ്പോകുന്ന
കാറ്റിനൊപ്പം
മിന്നാമിന്നി ചൂട്ടു വെളിച്ചത്തിൽ അവനും
നടന്നു
എങ്ങോട്ടെന്നില്ലാതെ എന്തിനെന്നറിയാതെ
തിരിച്ചുവിളിക്കുന്ന ഒരുവിളി കേൾക്കാൻ
തിരിഞ്ഞൊന്നു നോക്കാനുള്ള ആകാംക്ഷ
യടക്കി
ആരുമില്ലാത്തൊരുവന്റെ ആത്മവേദന
വേവുന്നൊരു നോവായി
ഉള്ളം നീറി നീറി .........

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ