malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2018, മേയ് 9, ബുധനാഴ്‌ച

മലയാളമേ വാഴ്ക




അക്ഷരപ്പൂവുകളെത്ര വിതറിഞാൻ
മലയാളമരമായി പൂത്തുനിന്നു
ഈ മടിത്തട്ടിൽ മയങ്ങീ മഹാരഥർ
അക്ഷരം കുറിച്ചു പഠിച്ചു മക്കൾ
ശാഖോപശാഖകൾ നീട്ടി തളിർത്തു
തഴച്ചു തണലേകി കാത്തു ഞാനേ
പാറിയെത്തീടുന്നു പച്ചപ്പനന്തത്ത,
കിളിയും, കുയിലും, കുഞ്ഞാറ്റകളും
മലയാള മാമ്പഴം ആവോളം ഭക്ഷിച്ചു
മലയാളക്കവിതകൾ ചൊല്ലിയാടി
മധുരമാ,മക്ഷര മാമ്പഴപ്പൂളുകൾ
മൗനികൾക്കേകി പഠിപ്പിച്ചു ഞാൻ
കുനിയും ശിരസ്സിനെ ഉച്ചിയിലേ,ക്കുയ
രേ,യുയർത്താൻ പഠിപ്പിച്ചു ഞാൻ
കാലങ്ങളേറെ കഴിഞ്ഞു പോയീടവേ
എന്നോ ഞാനൊറ്റതിരിഞ്ഞു പോയി
ഒറ്റുകാർ വന്നെന്നെ ഒറ്റപ്പെടുത്തുവാൻ
തെറ്റുഞാനൊന്നുമേ ചെയ്തതില്ലാ
പ്രായമിന്നതിരുപണിഞ്ഞിടുന്നു
പ്രീയങ്ങൾ വിട്ടുപിരിഞ്ഞിടുന്നു
ശാഖകളുണങ്ങിക്കരിഞ്ഞിടുന്നു
പോടുകൾ വീണെന്റെ ഉളളത്തിലാകെയും
ദുഃഖത്തിൻ പാടുകൾ തിങ്ങിനിൽപ്പൂ
ചേക്കേറും പക്ഷികൾ കൂടൊഴിഞ്ഞേ
പോയി
കാറ്റുകൾ തല്ലിയിലകൊഴിച്ചേ പോയി
കണ്ടവർ കാണാതെപോയി
കുട്ടികൾ കല്ലെടുത്തെറിയുന്നിടക്കിടേ
കഴിഞ്ഞതെന്തറിവൂ കിടാങ്ങൾ
ചിതലരിച്ചാകെ ഞാൻ മണ്ണിലടിഞ്ഞാലും
മലയാളമേ നീ ഉയരെവാഴ്ക.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ